സന്ദര്‍ശകര്‍ ഇതുവരെ ! [Visitors till Date !]

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

മാര്‍ത്തോമ സുറിയാനി നസ്രാണികളുടെ പുതിയ ഭാരത ദര്‍ശനം !

ഇന്ത്യയില്‍ ജനസംഖ്യയില്‍ നാലാം സ്ഥാനത്താണ് ക്രിസ്ത്യാനികള്‍. മൂന്നില്‍ താഴെ ശതമാനം. അതില്‍ത്തന്നെ ഭൂരിഭാഗവും കേരളത്തില്‍.  അവിടെ അതു ഏകദേശം നാലില്‍ ഒന്ന് വരും. ഇപ്പോഴത്തെ കേരളം മലബാര്‍ തീരപ്രദേശം ആയിരുന്നതിനാല്‍ കേരള ക്രിസ്ത്യാനികളെ മലബാറി ക്രിസ്ത്യാനികള്‍ എന്നും പറയും. നസറായനായ യേശുവിന്‍റെ പേരിലുള്ള മതക്കാരായതിനാല്‍ നസ്രാണികള്‍ എന്നും പറയും.

യേശു ശിഷ്യനായ തോമസ്‌ അഥവാ മാര്‍ത്തോമ്മ നേരിട്ട് മതം മാറ്റിയ പുരാതന മലബാര്‍ തീരത്തെ ബ്രാഹ്മണ കുടുംബക്കാരുടെ വംശ പരമ്പരയില്‍ പെട്ടവരെന്നു തെളിഞ്ഞും മറിഞ്ഞും വീമ്പിളക്കുന്ന ധാരാളം ആളുകളെ ഇപ്പോള്‍ ഈ മതക്കാരുടെ ഇടയില്‍ കേരളത്തിലും പുറത്തും കാണാന്‍ കഴിയും. 

ആദിമ യേശു ശിഷ്യര്‍ കൂടുതലും മുക്കുവര്‍ ആയിരുന്നെങ്കിലും അതവിടെ, ഇവിടെ കാര്യം വേറെ എന്ന മട്ടില്‍ ബ്രാഹ്മണ ജാതി വിശേഷത്തെ കാലാ കാലങ്ങളില്‍ ആയി പൊക്കി വരുന്നതാണ് ഈ മലബാറി നസ്രാണികളുടെ ഒരു രീതി. ക്രിസ്ത്യാനി ആയാലും ജാതി ചിന്തകള്‍ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് അത്ര എളുപ്പമൊന്നും തുടച്ചു നീക്കുക സാധ്യമല്ല എന്ന് സാരം. 

ഇന്ത്യയിലെ മൂന്നു ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് പക്ഷെ നൂറില്‍ അധികം സമുദായങ്ങള്‍ അഥവാ ചര്‍ച്ചുകള്‍ ഉണ്ടെന്നുള്ള കാര്യം ഒരു പക്ഷെ രസകരമായ ഒരു വസ്തുത തന്നെ ആകാം. സമാധാനവും സാഹോദര്യവും ശത്രുവിനെ പോലും സ്നേഹിക്കണമെന്നും ആഹ്വാനം ചെയ്ത യേശു വചനങ്ങള്‍ അങ്ങനെ മുഖവിലയ്ക്ക് എടുക്കാന്‍ ഇന്നത്തെ ക്രിസ്ത്യാനികള്‍ തയ്യാറല്ല. അങ്ങനെ ഒക്കെ ആയാല്‍ പിന്നെ നസ്രാണിക്ക് എന്താ ഒരു വില ?

യേശു ക്രിസ്തു പരലോകത്തിലെ കാര്യങ്ങള്‍ ആണ് കൂടുതല്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതെങ്കിലും ഇന്നത്തെ ക്രിസ്തു മതാനുയായികള്‍ക്ക് അങ്ങനെ ഉള്ള കാര്യങ്ങളില്‍ വലിയ വിശ്വാസം ഒന്നുമില്ല എന്നത് ഒരു പരമാര്‍ഥം മാത്രം.

ഉന്നതനായ ദൈവത്തെ മാത്രമേ പിതാവേ എന്നു വിളിക്കാവൂ എന്നും ക്രിസ്തു പറഞ്ഞത് അപ്പടി അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ ക്രിസ്ത്യാനികളുടെ സമുദായ ആചാര്യന്‍മാര്‍ക്ക് പണ്ടു മുതലേ മടിയായിരുന്നല്ലോ. ക്രിസ്തു ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന പരീശന്മാരും മഹാ പുരോഹിതന്മാരും ക്രിസ്ത്യാനികളുടെ ഇടയില്‍ അതിലും വലിയ ഫാദര്‍മാരായും അച്ചന്‍മാരായും തിരുമേനിമാരായും കൊടികുത്തി വാഴുന്നത് അതുമൂലമാണല്ലോ !

നിങ്ങള്‍ പോയി എല്ലാ ജാതികളെയും എന്‍റെ അനുയായികള്‍ ആക്കുക എന്ന ക്രിസ്തു കല്‍പന ക്രിസ്ത്യാനികള്‍ക്ക് വളരെ പഥ്യമായ ഒരു കാര്യമാണ്. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ക്രിസ്ത്യാനികള്‍ ഒന്നടങ്കം ഭാരത സുവിശേഷീകരണം എന്ന കാര്യം ഈ കല്‍പനയെ പിന്‍ബലമാക്കി കാലാ കാലങ്ങളില്‍ ആയി നടത്തി വരുന്നു. അംഗ സംഖ്യയില്‍ മുന്നോക്കക്കരായ മറ്റു മതക്കാര്‍ ഇതിനെ തങ്ങള്‍ക്കുള്ള ഒരു ഭീഷണി ആയി കണ്ടു സര്‍ക്കാര്‍ വഴി ഇതിനു തടയിടുന്ന  പല നിയമങ്ങള്‍ പാസാക്കിയപ്പോള്‍ ആദിമ ക്രിസ്ത്യാനികളുടെ വിശ്വാസ ധീരത ഇല്ലാത്ത ഇപ്പോഴത്തെ ക്രിസ്ത്യാനികള്‍ പതുക്കെ ഇതില്‍ നിന്നും പിന്‍വലിഞ്ഞിരിക്കയാണ്. പക്ഷെ അതു പറഞ്ഞു വിശ്വാസികളുടെ കയ്യില്‍ നിന്നും പണപ്പിരിവും മറ്റു ചെറിയ ചെറിയ നീക്കു പോക്ക് പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല എന്നു പറയാന്‍ വയ്യ.

മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ കേന്ദ്രം പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന ചെറു പട്ടണമാണ്. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ്‌ മദ്ധ്യ തിരുവിതാംകൂര്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശം. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൃഷിയും ചെറു കച്ചവടവുമായി നടന്നിരുന്ന ഇവരുടെ മുന്‍ഗാമികളില്‍ ഒരു നല്ല പങ്കു ആള്‍ക്കാര്‍ നല്ല ദൈവ വിശ്വാസത്തില്‍ പ്രാര്‍ത്ഥന ജീവിതം നയിച്ചിരുന്നവര്‍ ആയിരുന്നു എന്നു പറയപ്പെടുന്നു. കഷ്ടതയിലും പ്രയാസത്തിലും ദൈവ വിശ്വാസം കൂടുമല്ലോ.

ഏതായാലും അവരുടെ പിന്‍ഗാമികള്‍ ഒരു നല്ല പങ്കു ഇന്ന് തരക്കേടില്ലാത്ത സാമ്പത്തിക സൗകര്യം ഉള്ളവരാണ്. പലരും അമേരിക്കന്‍ ഡോളറും ഗള്‍ഫ്‌ ദിനാരുകളും വഴി സാധാരണ ഇന്ത്യക്കാരെക്കാള്‍ അധികം സമ്പത്തും സൌകര്യവും കൈ വന്നവര്‍.

പണം ധാരാളം ഉള്ളതിനാല്‍ വാരിക്കോരി പള്ളിക്കും പട്ടക്കാര്‍ക്കും കൊടുക്കാന്‍ ഒട്ടും മടിയില്ലാത്തവര്‍ ആണ് ഇപ്പോള്‍ ഇവരില്‍ പലരും. അങ്ങനെ വെറുതെ അങ്ങ് കൊടുക്കുമെന്ന് കരുതരുത്. കൊടുക്കുന്നത് മൂലം തങ്ങളുടെ നിലയും വിലയും അച്ചന്‍മാരും തിരുമേനിമാരും പ്രത്യേകം പറഞ്ഞു വാഴ്ത്തി അനുഗ്രഹിക്കും എന്നു മനസ്സിലാക്കി തന്നെയാണ് പള്ളിയ്ക്കു കൊടുക്കാനുള്ള മല്‍സരം പൊടി പൊടിക്കുന്നത്. പള്ളിയ്ക്കു പതിനായിരം കൊടുക്കുന്ന ഈ പരമ ഭക്തന്മാരും ഭക്തകളും ഒരു ഗതിയില്ലാ ഭാഗ്യഹീനന് പത്തു രൂപ കൊടുത്ത് സഹായിക്കാന്‍ പലപ്പോഴും തയ്യാറാകാറില്ല എന്നത് വേറെ കാര്യം. അതിനു ഒരു നല്ല പബ്ലിസിറ്റി കിട്ടിയാല്‍ ചിലപ്പോള്‍ ചെയ്തെന്നിരിക്കും ! നിന്‍റെ വലത്തെ കയ്യ് ചെയ്യുന്നത് ഇടത്തെ കയ്യ് അറിയരുത് എന്നു യേശു ഉപദേശിച്ചത് ഈ സമ്പന്ന ക്രിസ്ത്യാനികള്‍ കാര്യമായി ചെവി കൊണ്ടിട്ടില്ല.

പണവും പദവിയും പിടിപാടും ഒക്കെ ധാരാളമുള്ള കുഞ്ഞാടുകളെ മേയിക്കുന്ന അച്ചന്‍മാരും തിരുമേനിമാരും അതിനനുസരിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. മന്ത്രിമാരുടെയും ആള്‍ ദൈവങ്ങളുടെയും കൂട്ടങ്ങളില്‍ ഇവരെയും ഇപ്പോള്‍ കാണുന്നത് പതിവായിരിക്കുന്നു. കാറ്റിനൊത്തു തൂറ്റണം എന്നു ഇവര്‍ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. അവനെ ക്രൂശിക്ക എന്നു ജനം വിളിച്ചു കൂവിയപ്പോള്‍ ഇവരൊക്കെ ആയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ എന്നു ആലോചിക്കാനൊന്നുമില്ല!

വര്‍ഷങ്ങള്‍ക്കു മുമ്പ് പല പള്ളിക്കാരും വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷ മേഖലയിലും സേവന മനോഭാവത്തോടെ ഇറങ്ങിത്തിരിച്ചു എന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. അതിന്‍റെ ഫലമാകണം ഇന്ന് മാര്‍ത്തോമാക്കാര്‍ക്കും മറ്റു സഭാ വിഭാഗങ്ങള്‍ക്കും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെ കൈ വന്നിരിക്കുന്നു. അതിന്‍റെ ഭരണ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏതെന്കിലും ഒരു അഡ്മിഷന്‍ കാര്യത്തിണോ നിയമന കാര്യത്തിണോ ഒരു മാര്‍ത്തോമാ സഭാ വിശ്വാസി തന്നെ പോയെന്നിരിക്കട്ടെ. ഇങ്ങനെ ഒരു ക്രിസ്ത്യാനി സഭയില്‍ ആയതിനെ ആ വിശ്വാസി മനസ്സുകൊണ്ട് ശപിക്കുന്ന ഒരു ദിവസം ആയിക്കൂടെന്നില്ല അത്. ഈ സേവന ഭരണത്തില്‍ ഇരിക്കുന്ന അച്ചന്‍മാരും അല്‍മായക്കാരും കാണിക്കുന്ന ഗര്‍വ്വും ഗമയും താന്‍പോരിമയും ഒരുപക്ഷെ സാധാരണ വിശ്വാസി ആദ്യമായി നേരിട്ടനുഭവിക്കുന്നത് അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ ആയിരിക്കും.

ഞായറാഴ്ചകളില്‍ മാര്‍ത്തോമ്മാ വിശ്വാസികളില്‍ പലരും ഉടുത്തൊരുങ്ങി പള്ളികളില്‍ പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പുറമേ സാഹോദര്യത്തിന്റെയും സ്നേഹത്തിന്‍റെയും നാട്യങ്ങള്‍ കാണാമെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ കുശുമ്പും കുന്നായ്മയും നിറഞ്ഞു നില്‍ക്കുന്നു എന്നു മനസ്സിലാകാന്‍ വലിയ പ്രയാസമൊന്നുമില്ല. ക്രിസ്തോപദേശങ്ങള്‍ വിവിധ മാനങ്ങളില്‍ ആഴ്ചതോറും കേട്ടിട്ടും ശ്വാന വാലു പോലെ ആണു മാര്‍ത്തോമ്മ സുറിയാനി നസ്രാണി വിശ്വാസം എന്നു അടുത്തറിയാവുന്നവര്‍ക്ക് അറിയാത്ത കാര്യമൊന്നുമല്ല.

നിങ്ങളെ ഞാന്‍ അറിയില്ല എന്നു ഞാന്‍ പറയും എന്നു യേശു പറഞ്ഞ ബൈബിള്‍ വാക്യം കേള്‍ക്കാത്തവരോ അറിയാത്തവരോ അല്ല മാര്‍ത്തോമ്മാക്കാര്‍. പക്ഷേ അങ്ങനെ ഒരു കാര്യം എന്നെങ്കിലും സംഭവിക്കും എന്നു അവര്‍ ആരും തന്നെ വിശ്വസിക്കുന്നില്ല എന്നത് ഒരു വാസ്തവം.

അപ്പോള്‍ പിന്നെ ഇവരൊക്കെ എന്തിനു പള്ളികളില്‍ പോകുന്നു ? ഉച്ചത്തില്‍ പ്രാര്‍ത്ഥനയും പാട്ടും പ്രസംഗവും ഒക്കെ നടത്തുന്നു എന്നു ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍:

മനുഷ്യരുടെ ഇടയില്‍ ആളാകാന്‍ ഉള്ള ഉപാധികള്‍ ഇവയെന്ന് യേശുക്രിസ്തു പറഞ്ഞതും ദൈവം ഇല്ല എന്നു ഹൃദയത്തില്‍ ആരൊക്കെ നിരൂപിക്കുന്നു എന്നും ബൈബിളില്‍ പറഞ്ഞിട്ടുള്ളതും നല്ലവണ്ണം വായിച്ചറിഞ്ഞവര്‍ തന്നെയാണ് കേരളത്തിലെ മലയാളി മാര്‍ത്തോമ്മക്കാര്‍. ആ അറിവുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലെ സംശയമുള്ളൂ.

സാധാരണ പാവം ചില മാര്‍ത്തോമ്മാ സഭാ വിശ്വാസികള്‍ ഇതൊക്കെ കണ്ടു മനം മടുത്തു ചിലപ്പോഴൊക്കെ മാര്‍ത്തോമ്മാ സഭ വിട്ടു ചില പുത്തന്‍ സഭകളില്‍ ആകൃഷ്ടരായി അങ്ങോട്ട്‌ ചേക്കേറുന്നതും ഇപ്പോള്‍ സാധാരണ ആയിരിക്കുന്നു.

എന്നാല്‍ അവിടെയും സ്ഥിതി ഇതൊക്കെ തന്നെ എന്നു മനസ്സിലാകാന്‍ ചിലപ്പോള്‍ താമസമുണ്ടാകാറില്ല.

കാരണം അവരും ജനിതിക തലങ്ങളില്‍ ഭാരതീയര്‍ തന്നെ.

ക്രിസ്തുമതത്തില്‍ ആയതു മൂലം അതിനു വലിയ വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല ഇതുവരെ !

മാര്‍ത്തോമ ബിഷപ്‌മാരെ മലയാളി മാര്‍ത്തോമക്കാര്‍ തിരുമേനി എന്നാണു വിളിക്കാറ്. തിരുമേനി എന്ന് വച്ചാല്‍ ഹിസ്‌ ഹോളി ഹൈനെസ് എന്ന് അര്‍ഥം. അല്ലെങ്കില്‍ പരിശുദ്ധ ദേഹം എന്നും അര്‍ത്ഥമാക്കാം. കല്യാണം കഴിക്കാത്ത അച്ചന്‍മാരില്‍ നിന്നുമാണ് ഈ തിരുമേനി മാരെ തിരെഞ്ഞെടുക്കുന്നത്. തിരുമേനിമാരില്‍ മൂത്ത ആള്‍ വലിയ തിരുമേനി എന്ന് അറിയപ്പെടുന്നു. തിരുമേനി ഒന്ന് ആയി കിട്ടാന്‍ പല അച്ചന്‍മാരും പെണ്ണ് കെട്ടാതെ നീണ്ട നാള്‍ കാത്തിരുപ്പ് നടത്താറുണ്ട്. അങ്ങനെ ഉള്ളവരുടെ സംഖ്യ കൂടി വരുന്നത് കാരണം ഇപ്പോള്‍ ഇങ്ങനെയുള്ള കാത്തിരുപ്പ് വലിയ ഗുണം ചെയ്യാറില്ല എല്ലാവര്ക്കും.

തിരുമേനി ആയാല്‍ കുപ്പായം വെളുപ്പില്‍ നിന്നും ചുവപ്പിന്‍റെ ചുവയുള്ളതാകും. പിന്നെ സഭാ ഭരണം വീതം വച്ച് കിട്ടും. മാര്‍ത്തോമ്മാ അച്ചന്‍മാരുടെയും മറ്റും സ്ഥലം മാറ്റം തീരുമാനിക്കുന്നത് തിരുമേനി മാരാണ്. മാര്‍തോമാ സമുദായത്തില്‍ അച്ചന്‍ എന്ന് വച്ചാല്‍ ഇടവക വികാരി എന്ന് വേണമെങ്കില്‍ പറയാം. ഒരു മാര്‍ത്തോമ പള്ളിയുടെ ഭരണ സമിതിയുടെ അദ്ധ്യക്ഷന്‍ അവിടത്തെ പള്ളി വികാരിയായ അച്ചന്‍ ആയിരിക്കും. പള്ളിയ്ക്ക് പള്ളിക്കൂടവും ആശുപത്രിയും ഒക്കെ ഉണ്ടെങ്കില്‍ വരുമാനവും അധികാരവും കൂടും. അച്ചന്മാരുടെ വരുമാനം അവരുടെ കേന്ദ്ര തലത്തില്‍ തീരുമാനിക്കപ്പെട്ട ശമ്പളം എന്നാണു പൊതുവേ പറയപ്പെടുന്നത്‌ എങ്കിലും വാസ്തവത്തില്‍ അങ്ങനെ ആകണം എന്നില്ല. ശമ്പളത്തിന് പുറമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ പല അച്ചന്‍ മാര്‍ക്കും പല തരത്തിലുള്ള കിമ്പളവും കിട്ടുന്നു എന്നാണു അറിയുന്നത്.

അത് മൂലം പണപ്രതാപ മുള്ള ഇടവകളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടാന്‍ പല അച്ചന്‍മാരും തിരുമേനി മാരെ പ്രീതി പെടുത്തി മണി യടിച്ചു നില്‍ക്കുന്നത് കാണാം. ഇപ്പോള്‍ മലയാളി മാര്‍ത്തോമ ക്കാര്‍ക്ക് ഇന്ത്യയിലെ ക്കാള്‍ കൂടുതല്‍ ഇടവകള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ ആയി കഴിഞ്ഞിരിക്കുന്നു. അവിടങ്ങളിലെ പണക്കാരായ മാര്‍ത്തോമ ക്കാര്‍ അച്ഛന്മാര്‍ക്ക് വാരിക്കോരി സംഭാവന (കൈമടക്ക് എന്ന് സാരം) ഒക്കെ കൊടുത്ത് ഗമ കാണിക്കാന്‍ തത്രപ്പെടുന്നത് കാരണം അച്ഛന്മാര്‍ക്ക് അവിടങ്ങളിലെ പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം. അവിടെ ഒത്താല്‍ ഒരു മൂന്ന് നാല്  വര്‍ഷം വികാരി ആയിരുന്നാല്‍ തിരിച്ചു വരുമ്പോള്‍ ഒരു സാദാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു ആയുഷ്ക്കാലം സമ്പാദിക്കുന്നത് ഒരു അച്ചന്‍ സമ്പാദിച്ചു എന്ന് വരാം.

വരുമാനം കൂടിയ പള്ളിക്കാര്‍ തങ്ങളുടെ വികാരി അച്ചന്മാര്‍ക്ക് കാറും ഫോണും വലിയ ബംഗ്ലാവും ഒക്കെ ഫ്രീ ആയി നല്‍കുന്നു. ആര്‍ക്കൊക്കെ ഇന്‍കം ടാക്സ്‌ അടിച്ചാലും പള്ളിയ്ക്കും പട്ടക്കാര്‍ക്കും ടാക്സ്‌ ചുമത്താന്‍ ഇന്ത്യയിലെ ടാക്സ്‌ അധികാരികള്‍ക്ക് ഇതുവരെ നല്ല ധൈര്യം വന്നിട്ടില്ല.

ഐ എ എസ് പദവി വേണ്ടെന്നു വച്ചാണ് ഒത്തിരി വിദ്യാഭ്യാസ യോഗ്യത യുള്ള താന്‍ മാര്‍ത്തോമ സഭയിലെ അച്ചന്‍ ആകാന്‍ തീരുമാനിച്ചിറങ്ങിയത് എന്നാണു ഒരച്ചന്‍ ആരാധനാ മദ്ധ്യേയുള്ള തന്‍റെ പ്രസംഗത്തില്‍ കൂടി വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ അത് പോലെയുള്ള ചിലതൊക്കെ താന്‍ പ്രതീക്ഷിക്കുന്നു എന്നത് വലിയ ഒരു അപരാധമൊന്നുമല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.

കുറെ കാലങ്ങള്‍ക്കു മുമ്പ് മാര്‍ത്തോമ സഭയിലെ ഒരച്ചന്‍ ഗള്‍ഫ്‌ രാജ്യത്ത് കൊല്ലപ്പെട്ട തന്‍റെ മകളുടെ മാര്‍ത്തോമക്കാരനായ ഘാതകന് വധ ശിക്ഷ ഇളവ്‌ ചെയ്തു കൊടുക്കാന്‍ അയാളോട് ക്ഷമിക്കാന്‍ ഒട്ടും തന്നെ കൂട്ടാക്കിയില്ല. ശത്രുക്കളോട് പോലും ക്ഷമിക്കണമെന്ന ക്രിസ്തു സന്ദേശം ഒരു പക്ഷെ ഈ പട്ടക്കാരന്‍ പല പ്രാവശ്യം സഭാവിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കാം. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് അദ്ദേഹം തെളിയിച്ചു, ആ മാര്‍ത്തോമ ചെറുപ്പക്കാരന് വധ ശിക്ഷ വാങ്ങി കൊടുത്ത് കൊണ്ട്.

മാര്‍തോമാ സഭയില്‍ നല്ല അച്ചന്‍മാരും വിശ്വാസികളും ഇല്ലെന്നു വിചാരിക്കരുത്. ധാരാളം കാണുമായിരിക്കാം. പക്ഷെ അവരും മനുഷ്യരാണ്. ഇന്ത്യക്കാരാണ്. തിരുമേനിയോ പവറുള്ള അച്ചനോ ആയാല്‍ അഹങ്കാരവും അധികാരവും അവരെയും മത്തു പിടിപ്പിച്ചെന്നിരിക്കും. സഭാ വിശ്വാസികളെ എടാ പോടാ എന്നോ എടീ പോടീ എന്നോ ഒക്കെ വിളിച്ചെന്നുമിരിക്കും.

അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ദൃക് സാക്ഷികള്‍ ആയാല്‍ ഈ വാക്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

" ദൈവമേ! ഇവര്‍ ചെയ്യുന്നത് എന്ത് എന്ന് ഇവര്‍ അറിയുന്നില്ലല്ലോ ! ഇവരോട് ക്ഷമിക്കണമേ !"

എന്നാല്‍ അങ്ങനെ  ആരെങ്കിലും  ഇവര്‍ കാരണം പറയുമെന്ന് ഇവരുടെ മുന്‍ തലമുറക്കാര്‍ ഒരു പക്ഷെ ഓര്‍ത്ത്‌ കാണില്ല.

മാര്‍ത്തോമ്മ സുറിയാനി നസ്രാണികളുടെ നല്ല കാലം കാരണം അവരുടെ ഭാരത ദര്‍ശനം പാടെ മാറിയിരിക്കുന്നു.

പണവും സുഭിക്ഷതയും ഇല്ലാതിരുന്ന കാലത്തെ പാട്ടുകള്‍ ഇപ്പോഴും അവര്‍ അര്‍ത്ഥമറിയാതെ പാടുന്നുവെന്നു മാത്രം !

തങ്ങളുടെ ഇടയില്‍ നെഗളിപ്പ് കൂടി വരുന്നു എന്ന് ഇക്കൂട്ടര്‍ക്ക് മനസ്സിലാകുമോ എന്തോ, അറിയില്ല.

ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും മുമ്പോട്ട്‌ പോയാല്‍ അവര്‍ക്ക് നന്ന് !





2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

ഇന്ത്യന്‍ മധുരപ്പുളി ബ്ലോഗിലേക്ക് സ്വാഗതം !

പ്രിയ സുഹൃത്തെ!

ഈ പുതിയ ബ്ലോഗ്‌ സൈറ്റിലേക്ക് സ്വാഗതം. പറ്റുമെങ്കില്‍ ഈ സൈറ്റില്‍ ഒരു മെമ്പര്‍ ആകാനായി രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍,  അത് അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും, എഴുതാന്‍ ശ്രമിക്കുക.

ഈ സൈറ്റില്‍ പ്രധാനമായും മലയാളത്തില്‍ ഉള്ള ബ്ലോഗുകള്‍ , മലയാളം വായിക്കാന്‍ അറിയുന്ന മലയാളികള്‍ക്ക് വായിക്കാനും ചിന്തിക്കാനും ആയി പബ്ലിഷ് ചെയ്യണം എന്ന് വിചാരിക്കുന്നു.
നിങ്ങളുടെ ചിന്തയെ  അല്പമെങ്കിലും ഉണര്‍ത്താന്‍ അതു പര്യാപ്തമായെങ്കില്‍ അതു തന്നെ ഈ എഴുത്തുകള്‍ക്ക് കിട്ടാവുന്ന വലിയ പ്രതിഫലം.

ആരെയും നൊമ്പരപ്പെടുത്താന്‍ ഉദ്ദേശമില്ല.

എന്നാലും മധുരപ്പുളി ചിലപ്പോള്‍ ചിലര്‍ക്ക് ഇഷ്ടമായില്ലെന്നു വരാം.

അങ്ങനെ വന്നാല്‍ ക്ഷമിക്കുക.